സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ കാരണം കേട്ട് ഞെട്ടി ആരാധകര്‍
ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, ടീമിൽ പലരെയും ഉൾപ്പെടുത്തിയിട്ടില്ല എന്നതിനെക്കുറിച്ചുള്ള മുറുമുറുപ്പുകൾ ക്രിക്കറ്റ് ലോകത്ത് തുടരുകയാണ്. എന്നാൽ, കഴിവുള്ളവരെ മറ്റു മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ തന്നെ ടീമിൽ എടുക്കും എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഓൾറൗണ്ടർ ദീപക് ഹൂഡ. ടീം അനുശാസിക്കുന്ന കളി ശൈലിക്ക് അനുയോജ്യനായിരിക്കണം, ഇത് മാത്രമാണ് കളിക്കാരെ തിരഞ്ഞെടുക്കാൻ സെലക്ടർമാർ നിലവിൽ പരിഗണിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ നടന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലാണ് ദീപക് ഹൂഡ തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഇതുവരെ ആകെ 9 അന്താരാഷ്ട്ര ടി20 മത്സരങ്ങളാണ് ദീപക് ഹൂഡ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്. എന്നാൽ, ഏഷ്യ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ 9 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ മാത്രം കളിച്ചു പരിചയമുള്ള 28-കാരനായ ദീപക് ഹൂഡയെ ഉൾപ്പെടുത്തിയതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.
രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഇന്ത്യൻ ടീമിന്റെ കളി ശൈലിയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അതായത്, തുടക്കം മുതലേ ആക്രമിച്ചു കളിക്കുവാനാണ് നിലവിൽ ഇന്ത്യ ശ്രമിക്കുന്നത്. ദീപക് ഹൂഡ ഈ കളി ശൈലിക്ക് അനുയോജ്യനായ ബാറ്റർ ആണ് എന്ന് അദ്ദേഹം തനിക്ക് ലഭിച്ച അവസരങ്ങളിൽ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല പാർട്ട് ടൈം ബോൾ ചെയ്യാനുള്ള ഹൂഡയുടെ ഓൾറൗണ്ട് മികവും അദ്ദേഹത്തിന് പ്ലസ് പോയിന്റ് ആണ്.
നിലവിൽ 9 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 7 ഇന്നിംഗ്സുകളിൽ ആണ് ഹൂഡ ബാറ്റ് ചെയ്തിട്ടുള്ളത്. അതിൽ തന്നെ ഓപ്പണർ ആയും മൂന്നാം നമ്പറിലും നാലാം നമ്പറിലും ആറാം നമ്പറിലും ഹൂഡ ബാറ്റ് ചെയ്തിട്ടുണ്ട്. ബാറ്റിംഗ് ഓർഡറിൽ ഏതു സ്ഥാനത്തും കളിക്കാനുള്ള മികവും ഹൂഡ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം എന്ന പാഠം ദീപക് ഹൂഡയെ കണ്ട് പഠിക്കണം.