മുണ്ടൂര്‍ മാടനായി പവൻ കല്യാൺ, കോശിയായി വിജയ് സേതുപതി
ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ ‘അയ്യപ്പനും കോശിയും’ തെലുങ്കിലെത്തുമ്പോള്‍ ബിജു മേനോന്‍ ചെയ്ത കഥാപാത്രമായി പവന്‍ കല്യാണ്‍ എത്തും. ടോളിവുഡ് സൂപ്പര്‍താരമായ പവന്‍ കല്യാണിന്റെ ജന്മദിനമായ സെപ്തംബര്‍ 2ന് ചിത്രം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനാകാന്‍ തമിഴ് താരം വിജയ് സേതുപതിയെ സമീപിച്ചെന്നുമറിയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. തെലുഗു 360, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ മാധ്യമങ്ങളാണ് റീമേക്ക് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തില്‍ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും തെലുങ്കില്‍ ഒരുക്കുന്നത് വെങ്കി അട്ടല്ലൂരിയാണ്. തോലി പ്രേമ, രംഗ് ദേ എന്നീ സിനിമകളുടെ സംവിധായകനാണ് വെങ്കി. ഹാരിക ഹസൈനും സംവിധായകന്‍ ത്രിവിക്രമും സിനിമയുടെ നിര്‍മ്മാണത്തിലുണ്ടാകും. അല വൈകുണ്ഠപുരമുലു നിര്‍മ്മിച്ച സൂര്യദേവരാ നാഗ വംശിയാണ് തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നത്. ബോളിവുഡില്‍ ജോണ്‍ എബ്രഹാമാണ് റീമേക്ക് അവകാശം വാങ്ങിയിരുന്നത്.